2012, ജൂലൈ 18, ബുധനാഴ്‌ച

എനിക്ക് ആരായിരുന്നു എസ്. മമ്മൂട്ടി?









1989 അവസാനം അല്ലെങ്കില്‍ 1990 ആദ്യം എസ്.എമ്മിനെ കണ്ടത് എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്. ചെറിയൊരു തൂവാല തലയില്‍, അരക്കൈയന്‍ ഷര്‍ട്ടും തുണിയും, ഹൃദയത്തെ തൊട്ടുനില്‍ക്കുന്ന ഒരു മന്ദസ്മിതവും. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ അരങ്ങുതകര്‍ത്താടുന്ന കാലം. ബാബരിമസ്ജിദ് വിഷയം കത്തിനില്‍ക്കുന്നു. രാമക്ഷേത്രത്തിന്റെ പേരില്‍ ഇന്ത്യയിലുടനീളം അസംഖ്യം വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നു. കേരള മുസ്ലിംകളെ ബാബരിമസ്ജിദ് സംബന്ധമായി ബോധവല്‍ക്കരിക്കുന്നതിനായി ചെറിയ ശ്രമങ്ങള്‍ അങ്ങിങ്ങായി നടന്നുവരുന്നു. മുസ്ലിം ചെറുപ്പക്കാരുടെ അസംഘടിത ശ്രമങ്ങള്‍. അത്തരം പ്രാദേശിക സംഘങ്ങളെയും കൂട്ടായ്മകളെയും സംഘടിപ്പിച്ച് ഒരു കോര്‍വയില്‍ കൊണ്ടുവരുക എന്ന ചെറിയൊരു പണി എനിക്കുകിട്ടി. 'ബാബരിമസ്ജിദ് സംരക്ഷണ സമിതി' രൂപീകരിക്കപ്പെട്ടു. അങ്ങനെയാണ് ഞങ്ങള്‍ വയനാട്ടിലെത്തുന്നത്. 
1992 ഡിസംബര്‍ 6ന് ബാബരിപള്ളി രക്തസാക്ഷിയായി. 
എന്‍.ഡി.എഫ്. പിന്നീടാണ് ഔദ്യോഗികമായി രൂപീകരിക്കപ്പെടുന്നതെങ്കിലും അതിന്റെ ബീജം അന്നുതന്നെ പ്രവര്‍ത്തനങ്ങളില്‍ വളരുന്നുണ്ടായിരുന്നു. എന്‍.ഡി.എഫിന്റെ ശക്തനായ പ്രവര്‍ത്തകനായി എസ്.എം ഓടിനടന്നു. വയനാട്ടില്‍ അതിനു ഫലവും കണ്ടു. 
ഫാഷിസ്റ്റുകള്‍ മുസ്ലിംവിദ്വേഷം വിഷലാവയായി ജനമനസ്സുകളിലേക്ക് കടത്തിവിട്ടുകൊണ്ടിരിക്കുന്നു. മുസ്ലിം ചെറുപ്പക്കാരില്‍ ഒരുതരം എതിര്‍മനസ്സ് രൂപപ്പെട്ടുവന്നു. ഹിന്ദുത്വര്‍ ദേശസ്നേഹികള്‍ എന്ന ലാബലില്‍ നെഞ്ചുവിരിച്ചു. സര്‍ക്കാരുകള്‍ മുസ്ലിംകളോടു തുടര്‍ന്നുവരുന്ന അവഗണന വേറെ. മുസ്ലിം ചെറുപ്പക്കാരെ നിരാശയിലേക്കും അതുവഴി ദേശവിരുദ്ധ പ്രവൃത്തിയിലേക്കും നയിക്കുമായിരുന്ന സാഹചര്യം. 
മുസ്ലിംയുവതയെ നിരാശയില്‍നിന്നു മോചിപ്പിച്ച് രാജ്യത്തിലെ പൌരന്മാര്‍ എന്ന നിലയില്‍ ഉത്തരവാദിത്തബോധത്തിന്റെ ക്രിയാത്മകതയിലേക്ക് നയിക്കുകയായിരുന്നു എന്‍.ഡി.എഫിന്റെ ഉദ്ദേശ്യം. അന്യഥാബോധം അവസാനിക്കണം. കര്‍മനിരതമായ പുതിയൊരു മുസ്ലിം യുവചേതന രൂപപ്പെടണം. അതിനു പുതിയ കാഴ്ചപ്പാടുകളുമായി എന്‍.ഡി.എഫ് വരുമ്പോള്‍ വിടര്‍ന്ന ഹൃദയത്തോടെ മറ്റുപല ചെറുപ്പക്കാരെയും പോലെ എസ്.എം. അതിനെ എതിരേറ്റു. നമുക്കു മുന്നേറാനുള്ള വെളിച്ചം ഭൂമിയില്‍നിന്നും ആകാശത്തില്‍നിന്നും സ്വീകരിച്ച ആശയങ്ങളായിരുന്നു. അതിനെ ഭൂമിയില്‍ വേരുകളാഴ്ത്തി ആകാശത്തിലേക്കു പടര്‍ന്നു കയറി നില്‍ക്കുന്ന, ആര്‍ക്കും എപ്പോഴും ഫലം ലഭിക്കുന്ന ഒരു വന്‍വൃക്ഷമാക്കിത്തീര്‍ക്കേണ്ടതുണ്ടായിരുന്നു. 
എസ്.എം. സാധാരണക്കാരനായ ഒരു കര്‍ഷകനായിരുന്നു. എന്‍.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ കര്‍ഷകന്റെ കണിശതയോടുകൂടിത്തന്നെ ഉള്‍ക്കൊള്ളാനും ഒരു ഇമ്മിക്കുപോലും പിഴവില്ലാതെ പ്രയോഗവല്‍ക്കരിക്കാനും എസ്. എമ്മിനു കഴിഞ്ഞു.
സംഘടനയുടെ ആദ്യകാലങ്ങളില്‍തന്നെ കൂടിയാലോചനാ സമിതിയായ സുപ്രിം കൌണ്‍സിലില്‍ അദ്ദേഹം അംഗമായി. മുമ്പ് വേറെ ചില സംഘടനകളില്‍ പ്രവര്‍ത്തിച്ച എസ്.എമ്മിന് സുപ്രിം കൌണ്‍സിലില്‍ നടക്കുന്ന ഓരോന്നും പുതിയ അനുഭവങ്ങളായിരുന്നു. 
ഒരിക്കല്‍ കോയസാഹിബും ഞാനും തമ്മില്‍ ഒരുവിഷയത്തില്‍ ചൂടുപിടിച്ച വിമര്‍ശനവും വാഗ്വാദവും നടന്നു. ഉച്ചയ്ക്കു ഞങ്ങള്‍ ഒരുമിച്ചു ഭക്ഷണം കഴിക്കാന്‍ പോവുമ്പോള്‍ എസ്.എമ്മും ഞങ്ങളുടെ കൂടെക്കൂടി. എസ്.എമ്മിന്റെ മുഖം വല്ലാതെയിരിക്കുന്നു. ഞങ്ങള്‍ പരസ്പരം തമാശപറഞ്ഞു ചിരിച്ച് ഭക്ഷണം കഴിച്ചു പിരിയുന്നതു കണ്ട് എസ്.എം. ചിരിച്ചു: 'അരമണിക്കൂര്‍ മുമ്പ് കടിച്ചു കുടഞ്ഞവരാണ് ഇപ്പോള്‍ തമാശപറഞ്ഞ് രസിച്ചു നടക്കുന്നത്. ഞാനാകെ പേടിച്ചുപോയി. ഇതെന്താ ആവുകയെന്ന്. അതുകൊണ്ടാണ് നിങ്ങളുടെ കൂടെ ഞാനും വന്നത്.''
എന്‍.ഡി.എഫില്‍നിന്നു പോപുലര്‍ ഫ്രണ്ടിലേക്കുള്ള വളര്‍ച്ച ആശയപരമായിരുന്നില്ല. ഭൂമിശാസ്ത്രപരം മാത്രമായിരുന്നു. പോപുലര്‍ ഫ്രണ്ടിന്റെ രൂപീകരണത്തിന്റെ മുന്നോടിയായി നടന്ന സൌത്ത് ഇന്ത്യാ കൌണ്‍സിലിന്റെ കണ്‍വന്‍ഷന്‍ ഡല്‍ഹി ഫിക്കി ഓഡിറ്റോറിയത്തില്‍ നടന്നു. അതില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ്  എസ്.എമ്മിലെ രോഗലക്ഷണങ്ങള്‍ ആദ്യമായി പുറത്തുവരുന്നതെന്നു തോന്നുന്നു. കഠിനമായ പനിയും തലവേദനയും. പിന്നീട് മാസങ്ങള്‍ കഴിഞ്ഞ് മാനന്തവാടിയില്‍ ജില്ലാകമ്മിറ്റിയില്‍ ആധ്യക്ഷം വഹിച്ചുകൊണ്ടിരിക്കെ ശരീരത്തിലെ ഒരുഭാഗം കുഴഞ്ഞുപോവുകയായിരുന്നു. 
രോഗം മൂര്‍ച്ഛിച്ച സന്ദര്‍ഭങ്ങളില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ചികില്‍സാസംബന്ധമായ കാര്യങ്ങളില്‍ 'രോഗിസഹചമായ'  പിടിവാശികള്‍ കാണിക്കുമായിരുന്നു. അപ്പോള്‍ ഒരു 'ശമനൌഷധം' എന്ന നിലയില്‍ സുഹൃത്തുക്കളായ സമദും മറ്റും എന്നെ വിളിക്കുമായിരുന്നു. 
അദ്ദേഹത്തിലെ ഓരോ കോശവും സംഘടനയെ ആവാഹിച്ചു. ഓരോ ബിന്ദുവിലും പോപുലര്‍ ഫ്രണ്ട് കയറി. അതിന്റെ മാര്‍ഗത്തിലായി മൌനവും സംസാരവും. കര്‍ഷകനായ എസ്.എമ്മിന്റെ കൃഷി നിലച്ചു. എന്നാല്‍, ഒരു കര്‍ഷകന്റെ മനോഘടനയോടെ സംഘടനയെ കൃഷിചെയ്തു. വയനാടിന്റെ മണ്ണ് ഉഴുതുമറിച്ച് എസ്.എമ്മും സുഹൃത്തുക്കളും സംഘടനയെ നട്ടു, നനച്ചു, വളംചെയ്തു, വളര്‍ത്തി. സ്വന്തത്തെയും കുടുംബത്തെയും പലപ്പോഴും മറന്നുപോയി. വീട്ടിലേക്കു ദാരിദ്യ്രം പമ്മിപ്പമ്മി കയറിവന്നു. ഇതൊന്നും പക്ഷേ, പുറത്താരും അറിഞ്ഞില്ല. മറ്റുള്ളവരുടെ വിഷമതകള്‍ പറയാന്‍ എസ്.എമ്മുണ്ടായിരുന്നു. അതായിരുന്നു എസ്.എം. 
സംഘടനയില്‍ പല ഗണങ്ങളുണ്ടായിരുന്നില്ല. നേതാവും അനുയായിയും ഒരുപോലെ. എല്ലാവര്‍ക്കും ഒരേ സ്ഥാനം. നേതാവിനു ചില ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ നല്‍കുന്നു എന്നുമാത്രം. ചെയര്‍മാനും ഒരു സാധാരണ പ്രവര്‍ത്തകനും ക്യൂ നിന്ന് ഭക്ഷണം വാങ്ങണം. സംഘടനയില്‍ വന്നശേഷം എസ്.എമ്മിനെ ഏറ്റവും ആകര്‍ഷിച്ച ഒന്ന് ഈ ശീലമായിരുന്നു. 
എസ്.എമ്മിന് ഉറങ്ങുമ്പോഴും ഉണരുമ്പോഴും കിനാവുകളിലും സംഘടനയായിരുന്നു. ഈ വിധം നിരവധി സഹോദരന്മാരുടെ സ്വപ്നവും പ്രാര്‍ഥനയും സമര്‍പ്പണവുമാണ് ചുരുങ്ങിയകാലം കൊണ്ട് പോപുലര്‍ഫ്രണ്ടും എസ്.ഡി.പി.ഐയും ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിച്ചത്. സംഘടന വളര്‍ന്നു കൊണ്ടിരുന്നു. അതനുസരിച്ചുള്ള പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. കേസുകള്‍, മര്‍ദ്ദനങ്ങള്‍, പീഡനങ്ങള്‍.. അന്നു കൂടെയുണ്ടായിരുന്ന പലസഹപ്രവര്‍ത്തകരുടെയും വിരേചനശേഷി കൂടിക്കൊണ്ടിരിക്കുന്നതായി എസ്.എം. കണ്ടു. പലരും പഴയതോ പുതിയതോ ആയ താവളങ്ങള്‍ തേടിപ്പോയി. എസ്.എം ഉറച്ചുനിന്നു. സഹോദരന്മാരെ ഉറപ്പിച്ചുനിര്‍ത്തി. 
ഓപറേഷന്‍ കഴിഞ്ഞു. തലയില്‍നിന്ന് ചിലതെല്ലാം ചുരണ്ടിയകറ്റി. എന്നാല്‍, ഭൂമിയില്‍നിന്നും ആകാശത്തില്‍നിന്നുമായി സ്വീകരിച്ച് തലച്ചോറില്‍ ശുദ്ധീകരിച്ച് സ്ഫുടംചെയ്തുവച്ചതൊന്നും നീക്കം ചെയ്യാനായില്ല ഡോക്ടര്‍ക്ക്. 
കണ്ണൂരില്‍ നടന്ന ഫ്രീഡം പരേഡില്‍ പങ്കെടുക്കാനെത്തിയിരുന്നു എസ്.എം; 'സഞ്ചാര സ്വാതന്ത്യ്രം'  ഇല്ലാതിരുന്നിട്ടു പോലും. തിരിഞ്ഞു നോക്കുമ്പോള്‍ സ്റ്റേജില്‍ ഒരു ഭാഗത്തായി ഇരിക്കുന്നു ഹൃദയത്തെ തൊട്ടുനില്‍ക്കുന്ന ആ മന്ദസ്മിതം. 
പ്രസംഗം തുടങ്ങുകയാണ്. സ്റേജില്‍ ഉപവിഷ്ടരായ നേതാക്കളെയും സദസ്സിനെയും അഭിസംബോധന ചെയ്തു. പിന്നെ, എന്റെ പ്രിയപ്പെട്ട എസ്.മമ്മൂട്ടി സാഹിബിനെയും. നിലയ്ക്കാത്ത ഹര്‍ഷാരവം. എനിക്കുറപ്പുണ്ടായിരുന്നു ഇതിലൂടെ ഞാന്‍ അഭിസംബോധന ചെയ്തത് ജീവിതത്തിന്റെ ഓരോ ബിന്ദുവിലും ജീവന്റെ ഓരോ തുടിപ്പിലും ഈ സംഘടനയെ സ്വാംശീകരിച്ച ആ സേതുഹിമാചലം പരന്നുകിടക്കുന്ന പതിനായിരക്കണക്കിനുവരുന്ന പോപുലര്‍ ഫ്രണ്ടിലെ സഹോദരന്മാരെയായിരുന്നു. അതുകൊണ്ടായിരിക്കണം സദസ്സ് നിര്‍ത്താതെ കൈയടിച്ചത്. 
2009 ജൂണ്‍ മാസത്തില്‍ എസ്.ഡി.പി.ഐ. രൂപീകൃതമായി. എസ്.ഡി.പി.ഐയില്‍ സജീവമാകാന്‍ എസ്. എമ്മിന് ആരോഗ്യം അനുവാദം നല്‍കിയില്ല. പിന്നീട് യൂനിറ്റി ഹൌസില്‍വച്ചു കണ്ടപ്പോള്‍ സ്വതസിദ്ധമായ മന്ദഹാസം. രാഷ്ട്രീയ നേതാവ് എന്ന നിലയിലല്ല സാമൂഹികരംഗത്താണ് എസ്.എം എന്നെ പ്രതീക്ഷിക്കുന്നതെന്ന് ശരീരഭാഷയില്‍നിന്ന് എനിക്കു തോന്നി.
എന്റെ കുടുംബവുമായി എസ്.എമ്മിനു നല്ല ബന്ധമായിരുന്നു. എല്ലാ മക്കള്‍ക്കും എസ്. എമ്മിനെയറിയാം. വര്‍ഷം തോറും എസ്.എം കൊടുത്തയക്കുന്ന 'തുറമാങ്ങ'  വര്‍ഷം മുഴുവന്‍ അവര്‍ രുചിക്കാറുണ്ടായിരുന്നല്ലോ.
മാനന്തവാടിയിലെ വീട്ടിലും കോഴിക്കോട്ടെ വാടക വീടുകളിലും പലതവണ ഞങ്ങള്‍ സന്ദര്‍ശിച്ചു. അപ്പോഴൊക്കെ ആ പഴയ ജിജ്ഞാസുവായ കണ്ണുകള്‍ എന്നെ നോക്കി എന്തോ പരതി. അവസാനമായി കണ്ടത് രണ്ടുമാസം മുമ്പാണ്. കരമന അശ്റഫ് മൌലവിയോടൊപ്പം. അന്ന് എസ്. എമ്മിന് സംസാരിക്കാനോ എഴുതാനോ കഴിയുമായിരുന്നില്ല. പിരിയാന്‍ നേരത്ത് ചുണ്ടുകളിലെ ഹൃദയത്തിന്റെ മന്ദസ്മിതം ക്രമേണ മായാന്‍ തുടങ്ങി. ഗദ്ഗദം മറച്ചുവയ്ക്കാനുള്ള മനസ്സിന്റെ ശ്രമം പ്രകടമാവുന്നു. ഞാന്‍ സലാം പറഞ്ഞു. എസ്.എം കൈപിടിച്ച് അമര്‍ത്തി. 
ജൂണ്‍ 7, തലേന്നു രാത്രി 9.30 വരെ തുടര്‍ന്ന മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഡ്രൈവര്‍ ഇസ്മായീല്‍ ചോദിച്ചു: 'ഇന്ന് വളരെ വൈകിയില്ലേ. നമുക്ക് എസ്.എമ്മിനെ കാണാന്‍ നാളെ പോയാല്‍ പോരേ?'' ഞങ്ങള്‍ പറഞ്ഞുവച്ചതായിരുന്നു. രാവിലെ 6.30ന് യൂനിറ്റിയില്‍നിന്ന് ഫോണ്‍, എസ്.എം മരിച്ചു. ഇന്നാലില്ലാഹ്......
വല്ലാത്ത വേദനയോടുകൂടി ഞാന്‍ ഭാര്യയോടു വിവരം പറഞ്ഞു. കൂടുതല്‍ വേദനിപ്പിക്കുന്ന തരത്തില്‍ 'നിങ്ങള്‍ ഇന്നലെ പോവാതിരുന്നത് മോശമായി' എന്നവള്‍ പറഞ്ഞു. ഞങ്ങള്‍ മാനന്തവാടിയിലേക്കു പുറപ്പെട്ടു. പോകുന്ന വഴിയില്‍ ഭാര്യാസഹോദരന്‍ കൂടുതല്‍ അലോസരപ്പെടുത്തി:' മരിക്കുന്നതിനു മുമ്പ് എസ്.എം. തീര്‍ച്ചയായും നിങ്ങളെ കാണാന്‍ ആഗ്രഹിച്ചുകാണും. എനിക്കുറപ്പാണ്.'' 
ഇനി എന്തുചെയ്യട്ടെ, പ്രാര്‍ഥിക്കുകയല്ലാതെ. എസ്.എമ്മിന്റെ മരണം സ്വര്‍ഗജീവിതത്തിലേക്കുള്ള വാതായാനം തുറക്കുക മാത്രമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെയാവട്ടെയെന്നു പ്രാര്‍ഥിക്കുകയും ചെയ്യുന്നു. 
എനിക്ക് 16 വയസ്സുള്ളപ്പോഴാണ് എന്റെ ഉമ്മ മരിക്കുന്നത്. തലേദിവസം എനിക്കിഷ്ടപ്പെട്ട ഭക്ഷണം സ്വന്തം കൈകൊണ്ട് പാകം ചെയ്തുതന്നു ഉമ്മ. രാവിലെ ഹോസ്പിറ്റലിലേക്കു കൊണ്ടുപോയതാണ്. ഒരു ജീവനു ജന്മം നല്‍കി ഉമ്മയുടെ ജീവിതം അവസാനിച്ചു. ഉമ്മയുടെ കാതിലും കഴുത്തിലുമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുറിച്ചെടുത്തത് ഞാനായിരുന്നു. നമസ്കാരത്തിനു നേതൃത്വം നല്‍കിയതും ഞാന്‍തന്നെ. പക്ഷേ, ഞാന്‍ കരഞ്ഞില്ല. 
എസ്. എം. എനിക്ക് ആരായിരുന്നു?  ഞാന്‍ മയ്യത്ത് നമസ്കരിക്കുകയാണ്. മകന്‍ മുനീറാണ് നേതൃത്വം നല്‍കുന്നത്. നമസ്കാരം അവസാനിക്കാറായി. എന്റെ കണ്ണുകള്‍ സജലങ്ങളായി. കരച്ചില്‍ വരുകയാണ്. അതായിരുന്നു എനിക്ക് എസ്.എം. 


 ഇ. അബൂബക്കര്‍

1 അഭിപ്രായം:

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"