2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

ഫ്രീഡം പരേഡും സര്‍ക്കാര്‍ നിലപാടും



പോപുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് ഒരിക്കല്‍ക്കൂടി പൊതുസമൂഹത്തില്‍ ചര്‍ച്ചയായിരിക്കുന്നു. ഇത്തവണ പക്ഷേ, ആ ചര്‍ച്ച ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ നുണകളും കെട്ടുകഥകളും അബദ്ധങ്ങളും അസംബന്ധങ്ങളും ചേര്‍ന്നു സൃഷ്ടിച്ച കോലാഹലത്തിന്റെ പശ്ചാത്തലത്തിലാണ്. നാലു ജില്ലകളില്‍ ആഗസ്ത് 15ന് ഫ്രീഡം പരേഡിന് അനുമതി തേടി ജില്ലാ പോലിസ് അധികാരികള്‍ക്കു സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ജില്ലാ ഭാരവാഹികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി വാദത്തിനുവന്ന വേളയിലാണ് സത്യവാങ്മൂലവുമായി എ.ഡി.ജി.പി (ഇന്റലിജന്‍സ്) കോടതിയിലെത്തിയത്.
ഈ സത്യവാങ്മൂലമാവട്ടെ, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ മാധ്യമങ്ങളോടു വെളിപ്പെടുത്തിയപോലെ, ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തു തയ്യാറാക്കിയതാണ്. തികച്ചും രാഷ്ട്രീയമായ കാരണങ്ങളാല്‍, വൈരനിര്യാതനബുദ്ധിയോടെ പോപുലര്‍ ഫ്രണ്ടിനെതിരേ ഇടതുസര്‍ക്കാര്‍ പടച്ചെടുത്ത അതേ റിപോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ സ്വന്തം വിശ്വാസ്യതയാണു കളഞ്ഞുകുളിച്ചത്. റിപോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെയും വസ്തുതകള്‍ വിലയിരുത്താതെയും ഇന്റലിജന്‍സ് റിപോര്‍ട്ടെന്ന വ്യാജേനയുള്ള അബദ്ധപഞ്ചാംഗം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഫ്രീഡം പരേഡ് നിരോധിച്ചപ്പോള്‍ പോപുലര്‍ ഫ്രണ്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, നിയമങ്ങളുടെ മെറിറ്റിലേക്കു കടക്കാതെ, പരേഡ് നിരോധിച്ച ജില്ലാ കലക്ടര്‍മാരുടെ നടപടിയില്‍ ഇടപെടുന്നില്ലെന്ന നിലപാടാണു ഹൈക്കോടതി കൈക്കൊണ്ടത്. പരേഡ് നിരോധിക്കാന്‍ വ്യത്യസ്ത കാരണങ്ങളാണ് അന്ന് ഉന്നയിച്ചിരുന്നത്. പ്രാബല്യത്തിലില്ലാത്ത നിയമത്തിന്റെ (പോലിസ് ആക്റ്റ് 1996) പേരില്‍ പോലും ഫ്രീഡം പരേഡ് നിരോധിച്ചു. ഗ്രൌണ്ടിന് അനുമതിയില്ലെന്നു പറഞ്ഞും ക്രമസമാധാനപ്രശ്നമുണ്ടാവുമെന്നു പ്രവചിച്ചും സി.പി.എമ്മിനും ആര്‍.എസ്.എസിനും എതിര്‍പ്പുണ്െടന്നു ചൂണ്ടിക്കാട്ടിയും 2011ലെ പോലിസ് ആക്റ്റ് പ്രകാരവുമൊക്കെയാണ് അന്നു സ്വാതന്ത്യ്രദിന പരേഡ് നിരോധിച്ചത്. ഇതില്‍നിന്നു മനസ്സിലാവുന്നത്, ഒരു പൊതുതത്ത്വത്തിന്റെയോ നിയമവാഴ്ച ഉറപ്പുവരുത്തണമെന്ന താല്‍പ്പര്യത്തിന്റെയോ പേരിലല്ല ഈ നിരോധനങ്ങളെന്നാണ്. ഇതു ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണ്.
ഇക്കൊല്ലം ഫ്രീഡം പരേഡ് നിരോധിക്കാന്‍ ഉന്നയിച്ച കാരണങ്ങള്‍ വിചിത്രമാണ്. പോപുലര്‍ ഫ്രണ്ടിന് 27 കൊലപാതകങ്ങളില്‍ പങ്ക്, മുന്‍ സിമിക്കാരാണ് പോപുലര്‍ ഫ്രണ്ടിലുള്ളത്, സിമിയുടെ പുനരവതാരമാണ്, മതമൌലികവാദ സംഘടനയാണ്, ദേശവിരുദ്ധ പ്രചാരണം നടത്തുന്നു, അന്യമതസ്ഥരെ ആക്രമിക്കുന്നു തുടങ്ങിയവയൊക്കെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തിലുള്ള പ്രധാന പരാമര്‍ശങ്ങള്‍. ഇവയെല്ലാം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. 
പോപുലര്‍ ഫ്രണ്ടില്‍ ആരോപിക്കപ്പെട്ടതായി സത്യവാങ്മൂലത്തില്‍ പറയുന്ന 27 കൊലപാതകങ്ങള്‍ യഥാര്‍ഥത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. സര്‍ക്കാരിന്റെ തന്നെ രേഖകള്‍ ഈ പ്രസ്താവനയെ ഖണ്ഡിക്കുന്നു. 2012 ജൂണ്‍ 11ന് കേരള നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ഉത്തരമായി ആഭ്യന്തരമന്ത്രി, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഒരു കണക്ക് അവതരിപ്പിക്കുകയുണ്ടായി. 2003 ജനുവരി 11 മുതല്‍ 2011 മെയ് 13 വരെയുള്ള എട്ടുവര്‍ഷം കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കായിരുന്നു അത്. അതുപ്രകാരം സി.ഐ.ടി.യു- 2, സി.പി.എം- 42, ബി.ജെ.പി- 22, ബി.എം.എസ്- 3, ആര്‍.എസ്.എസ്- 9, കോണ്‍ഗ്രസ്- 2, ഐ.എന്‍.ടി.യു.സി- 1, മുസ്ലിംലീഗ്- 1 എന്‍.ഡി.എഫ്- 9 എന്നിങ്ങനെയാണ്. നിയമസഭയില്‍ അവതരിപ്പിച്ചതില്‍നിന്നു വ്യത്യസ്തമായി തെറ്റായ കണക്ക് എ.ഡി.ജി.പി ഇന്റലിജന്‍സ് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ അതു പരിശോധിക്കാനും തിരുത്താനും സര്‍ക്കാരിനു ബാധ്യതയുണ്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ കാര്യത്തില്‍പ്പോലും ഇത്രമാത്രം അനവധാനത പുലര്‍ത്തുന്നുവെങ്കില്‍ ആ റിപോര്‍ട്ടിന്റെ കൃത്യതയും വിശ്വാസ്യതയും നമുക്ക് ഊഹിക്കാമല്ലോ. ഇന്നേവരെ ഒരു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും കൊലപാതകക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണു വസ്തുത. ഈ കൊലപാതകക്കേസുകള്‍ ഉള്ളതാണ് പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് അടിസ്ഥാനമെങ്കില്‍, ആഗസ്ത് 15ന് സി.പി.എമ്മിന്റെ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ ഫ്രീഡം റാലി നടത്തുന്നതും ആര്‍.എസ്.എസ് സായുധ റൂട്ട്മാര്‍ച്ച് നടത്തുന്നതും അനുവദിക്കുന്നതിലെ ന്യായമെന്താണ്?
രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും അപകടമാണു പോപുലര്‍ ഫ്രണ്ട് എന്ന് തെളിവുകളുടെയോ വസ്തുതകളുടെയോ പിന്‍ബലമില്ലാതെയാണു റിപോര്‍ട്ട് പരാമര്‍ശിക്കുന്നത്. ഏതെങ്കിലും രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നു മാത്രമല്ല, നിയമപരിധിക്കുള്ളില്‍നിന്നുകൊണ്ട് രാജ്യദ്രോഹപരമെന്നു വ്യാഖ്യാനിക്കാവുന്ന ഒരു പ്രവര്‍ത്തനവുമായും വിദൂരബന്ധം പോലും പാടില്ലെന്നു ശാഠ്യവുമുള്ള സംഘടനയാണു പോപുലര്‍ ഫ്രണ്ട്. രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യസ്വഭാവത്തിനും വിധേയമായാണു സംഘടന പ്രവര്‍ത്തിക്കുന്നത്. മറിച്ചായിരുന്നെങ്കില്‍ രാജ്യത്തെ സുരക്ഷാസംവിധാനങ്ങളും രഹസ്യാന്വേഷണ ഏജന്‍സികളും ഒട്ടും ഫലപ്രദമല്ല എന്നല്ലേ മനസ്സിലാക്കേണ്ടത്. കാരണം, ഈ സന്നാഹങ്ങളുടെയെല്ലാം മൂക്കിനു മുന്നില്‍ 20ലേറെ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍പ്പെട്ട ഒരാളും രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ജയിലില്‍ കഴിയുന്നില്ല എന്നത് ഒരു മഹാദ്ഭുതമല്ല. രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുകയും രാജ്യസ്നേഹം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതുകൊണ്ടാണല്ലോ സ്വാതന്ത്യ്രദിനാഘോഷത്തിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഫ്രീഡം പരേഡ് നടത്തുന്നത്. 
പോപുലര്‍ ഫ്രണ്ടില്‍ മുന്‍ സിമി പ്രവര്‍ത്തകരുണ്െടന്നും സിമിയുടെ പുനരവതാരമാണ് പോപുലര്‍ ഫ്രണ്ട് എന്നുമുള്ള ആരോപണമാണു മറ്റൊന്ന്. പോപുലര്‍ ഫ്രണ്ടിന്റെ ദേശീയ നേതൃനിരയിലും സംസ്ഥാന നേതൃത്വത്തിലും ആകക്കൂടി രണ്േടാ മൂന്നോ മുന്‍ സിമിക്കാരാണുള്ളത്. ഇവരാവട്ടെ, 1980കളുടെ തുടക്കത്തിലും പകുതിയിലുമായി പ്രായപരിധി കഴിഞ്ഞ് സിമിയില്‍നിന്നു പുറത്തുവന്നവരും. 1993ലാണ് പോപുലര്‍ ഫ്രണ്ടിന്റെ ആദ്യരൂപമായ എന്‍.ഡി.എഫ് രൂപംകൊള്ളുന്നത്. സിമിയും എന്‍.ഡി.എഫും വ്യത്യസ്ത സംഘടനകളായിത്തന്നെയാണു പ്രവര്‍ത്തിച്ചിരുന്നത്. രാഷ്ട്രീയം അടക്കമുള്ള വിഷയങ്ങളില്‍ മൌലികമായ വീക്ഷണവൈജാത്യം ഈ രണ്ടു സംഘടനകള്‍ക്കിടയിലും നിലനിന്നിരുന്നു എന്നത് ഇപ്പറയുന്ന ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്കൊന്നും അറിയാത്ത കാര്യമല്ല. ബി.ജെ.പി നേതൃത്വം നല്‍കിയ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് 2001ലാണ് സിമി നിരോധിക്കപ്പെടുന്നത്. 1993ല്‍ രൂപീകൃതമായ സംഘടന 2001ല്‍ നിരോധിക്കപ്പെട്ട സിമിയുടെ പുനരവതാരമാണെന്നു പറയുന്നതിലെ യുക്തിയെന്താണ്? സിമി എന്ന വിദ്യാര്‍ഥിസംഘടനയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നവര്‍ 30 വയസ്സ് കഴിഞ്ഞു പുറത്തുവന്നാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തി വനവാസത്തിനു പോവുകയോ കൂട്ട ആത്മഹത്യ ചെയ്യുകയോ ചെയ്യണമെന്നാണോ സര്‍ക്കാരിന്റെ വാദം? സിമി നിരോധനത്തിലെ ശരിതെറ്റുകളും ന്യായാന്യായങ്ങളും അവിടെ നില്‍ക്കട്ടെ. നിരോധിക്കപ്പെട്ട ഒരു സംഘടനയില്‍ മുമ്പ് അംഗമായിരുന്നുവെന്നത് ഒരു കുറ്റകൃത്യമല്ലെന്ന്, മാവോബന്ധം ആരോപിച്ച് അറസ്റ് ചെയ്തു തടവിലാക്കപ്പെട്ട ഡോ. ബിനായക് സെന്നിന് ജാമ്യം അനുവദിക്കവെ സുപ്രിംകോടതി വ്യക്തമായി ചൂണ്ടിക്കാട്ടിയതാണ്. ഇനി, മുന്‍ സിമി പ്രവര്‍ത്തകരുള്ള ഒരു സംഘടനയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും സ്വാതന്ത്യ്രദിനാഘോഷമടക്കം ജനാധിപത്യപരവും ഭരണഘടനാനുസൃതവുമായ ആശയപ്രചാരണ പരിപാടികള്‍ നടത്താനുള്ള സ്വാതന്ത്യ്രം കവര്‍ന്നെടുക്കുകയുമാണെങ്കില്‍ അത് മറ്റു സംഘടനകള്‍ക്കും ബാധകമാണല്ലോ. സി.പി.എം എം.എല്‍.എ കെ ടി ജലീല്‍, മുസ്ലിംലീഗ് എം.എല്‍.എ അബ്ദുസ്സമദ് സമദാനി, ഐ.എന്‍.എല്‍ നേതാവ് എ പി അബ്ദുല്‍ വഹാബ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന നേതാക്കളായ ടി ആരിഫലി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായ ഡോ. എസ് ക്യു ആര്‍ ഇല്യാസ് തുടങ്ങിയവരെല്ലാം മുമ്പ് സിമിയില്‍ പ്രവര്‍ത്തിച്ചിരുന്നവരും നേതൃത്വം വഹിച്ചവരുമാണ്. നിരോധിക്കപ്പെട്ട മാവോവാദി സംഘടനകളുമായി ബന്ധമുണ്ടായിരുന്നവരാണ് ഇപ്പോള്‍ സി.പി.എം പാളയത്തിലുള്ള ഭാസുരേന്ദ്രബാബുവും കെ ടി കുഞ്ഞിക്കണ്ണനും. ചുരുക്കത്തില്‍, പോപുലര്‍ ഫ്രണ്ടിന്റെ കാര്യത്തില്‍ കടുത്ത വിവേചനമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നു വ്യക്തം.
പോപുലര്‍ ഫ്രണ്ട് മതമൌലികവാദ സംഘടനയാണെന്നും അന്യമതസ്ഥരെ ആക്രമിക്കുന്നുവെന്നും ഇസ്ലാംമതത്തെ സംരക്ഷിക്കാനായി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ ഭാവനാവിലാസം മാത്രമാണ്. ദേശവിരുദ്ധ, വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞ തീവ്ര ഹിന്ദുത്വസംഘടനകള്‍ പോപുലര്‍ ഫ്രണ്ടിനെതിരേ തൊടുത്തുവിടുന്ന നുണപ്രചാരണങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നതാണ് ഇന്റലിജന്‍സ് റിപോര്‍ട്ടുകളായി നമ്മുടെ മുന്നില്‍ അവതരിക്കുന്നതില്‍ പലതും. അതുകൊണ്ടുതന്നെ അത്തരം റിപോര്‍ട്ടുകളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടേണ്ടതു തന്നെയാണ്.
പോപുലര്‍ ഫ്രണ്ട് ഒരു മതസംഘടനയല്ല. അതൊരു നവ സാമൂഹികപ്രസ്ഥാനമാണ്. മുസ്ലിംകളുടെയും ഇതര പാര്‍ശ്വവല്‍കൃതവിഭാഗങ്ങളുടെയും ശാക്തീകരണമാണു സംഘടനയുടെ ലക്ഷ്യം. അതുകൊണ്ടാണ് മുസ്ലിം പരിസരത്തുനിന്നു പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മറ്റു പിന്നാക്കവിഭാഗങ്ങളുമായി വ്യക്തികളെന്ന നിലയിലും സംഘടനാതലത്തിലും ഐക്യപ്പെട്ടു മുന്നോട്ടുപോവുന്നത്. വിദ്യാഭ്യാസ, സാമൂഹിക, വികസന മേഖലയിലടക്കം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ ശാക്തീകരണശ്രമങ്ങളുടെ ഭാഗമാണ്. ഏതാനും വര്‍ഷങ്ങളായി സ്കൂള്‍ പ്രവേശനസമയത്തു നടത്തുന്ന 'സ്കൂള്‍ ചലോ' പരിപാടിയുടെ ഭാഗമായി ഇത്തവണ സ്കൂള്‍ കിറ്റ് വിതരണവും വിവിധ സ്കോളര്‍ഷിപ്പ് പദ്ധതികളും ഇപ്പോള്‍ അസമിലടക്കം വംശീയകലാപങ്ങള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കും ഇരകളായവര്‍ക്കു ദുരിതാശ്വാസ-പുനരധിവാസ സഹായങ്ങളെത്തിക്കുന്നതും ഉദാഹരണങ്ങള്‍. പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതും ഭരണകൂട വിവേചനങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരേ ജനാധിപത്യപരമായും നിയമപരമായും പോരാടുന്നതും സംഘടനയുടെ മുന്‍ഗണനകളില്‍പ്പെട്ടതാണ്. ഇന്ത്യയിലെ വിവിധ ജയിലുകളില്‍ അടയ്ക്കപ്പെട്ട നിരപരാധികളുടെ മോചനത്തിനായി സംഘടന ആഗസ്ത് 15 മുതല്‍ സപ്തംബര്‍ 15 വരെ പ്രഖ്യാപിച്ചിട്ടുള്ള കാംപയിന്‍ അത്തരത്തിലുള്ള പോരാട്ടങ്ങളുടെ ഭാഗമാണ്.
ഈ സേവനപ്രവര്‍ത്തനങ്ങളിലൂടെ, രാഷ്ട്രജീവിതത്തിന്റെ പൊതുധാരയില്‍നിന്നു പുറന്തള്ളപ്പെട്ടുപോയ അധഃസ്ഥിതവിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നും ദിശാബോധം നല്‍കിയും രാഷ്ട്ര പുനര്‍നിര്‍മാണത്തിലും സ്വയംശാക്തീകരണത്തിലും അവര്‍ക്കു പിന്തുണയേകിയും മുന്നോട്ടുപോവുകയാണ് പോപുലര്‍ ഫ്രണ്ട്. സ്വാതന്ത്യ്രബോധവും സ്വത്വബോധവുമുള്ള ഒരു ജനതയ്ക്കു മാത്രമേ ശാക്തീകരണത്തിലേക്കു കുതിക്കാനാവൂ. ഇത്തരമൊരു സ്വാതന്ത്യ്രാവബോധം സൃഷ്ടിച്ചെടുത്തും പൊതുധാരയിലേക്ക് അവരെ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടുമാണ് ഇതു സാധിക്കേണ്ടത്. അവകാശങ്ങളെയും ചുമതലകളെയും കുറിച്ചു ബോധമുള്ള ഒരു ജനതയായി പാര്‍ശ്വവല്‍കൃതവിഭാഗങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ ദേശീയ പ്രതീകങ്ങളുമായും ചിഹ്നങ്ങളുമായും അവരെ കണ്ണിചേര്‍ക്കേണ്ടതുണ്ട്. ആ ഉദ്ദേശ്യത്തോടെയാണു ഫ്രീഡം പരേഡ് പോലുള്ള സ്വാതന്ത്യ്രദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
2004 മുതല്‍ കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലുമായി നടന്നുവരുന്ന ഫ്രീഡം പരേഡ് കാരണമായി ഒരു ക്രമസമാധാന പ്രശ്നവും എവിടെയും ഉണ്ടായിട്ടില്ല. ദേശീയഗാനം ആലപിച്ചും ദേശീയപതാകയേന്തിയും നടത്തുന്ന പരേഡ് ദേശസുരക്ഷയ്ക്ക് അപകടമാവുന്നതെങ്ങനെയെന്നും മനസ്സിലാവുന്നില്ല. ജനകീയപങ്കാളിത്തത്തോടെ നടക്കുന്ന ഫ്രീഡം പരേഡിന്റെ വിജയവും സ്വീകാര്യതയും ചില തല്‍പ്പരകേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ടാവും. അവരുടെ ഏകോപിച്ച പ്രവര്‍ത്തനങ്ങളാണ് ഫ്രീഡം പരേഡിന്റെ നിരോധനത്തിലേക്കു വഴിതെളിച്ചത്. സ്വാതന്ത്യ്രദിനം കരിദിനമായി ആചരിക്കുകയും ക്വിറ്റ് ഇന്ത്യാ സമരത്തെ തള്ളിപ്പറയുകയും ഒറ്റുകൊടുക്കുകയും ഒരിക്കല്‍പ്പോലും സ്വാതന്ത്യ്രദിനാഘോഷം തങ്ങളുടെ സംഘടനാ പരിപാടിയുടെ ഭാഗമായി നടത്താതിരിക്കുകയും ചെയ്ത പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് ഫ്രീഡം പരേഡിനെ ഭയക്കുന്നത്. 
ടി പി ചന്ദ്രശേഖരന്‍, ഫസല്‍, ഷുക്കൂര്‍ വധക്കേസുകളുടെ പശ്ചാത്തലത്തിലുണ്ടായ പോലിസ് നടപടികള്‍ അടിയന്തരാവസ്ഥയുടേതിനു സമാനമാണെന്ന് ഇപ്പോള്‍ വിലപിക്കുന്ന സി.പി.എം നേതൃത്വം നല്‍കിയ ഇടതുസര്‍ക്കാര്‍, മൂവാറ്റുപുഴ സംഭവത്തിന്റെ മറവില്‍ പോപുലര്‍ ഫ്രണ്ടിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു 2010ലെ ഫ്രീഡം പരേഡും നിരോധിച്ചത്. 
2011ലെ പോലിസ് ആക്റ്റ് ഫ്രീഡം പരേഡ് നിരോധിക്കാന്‍ ലക്ഷ്യംവച്ച് ഇടതുസര്‍ക്കാര്‍ നടപ്പില്‍വരുത്തിയതാണ്. അതിനു പാകമായ രീതിയില്‍ സംഘടനയ്ക്കെതിരേ വ്യാജ തെളിവുകളും രേഖകളില്‍ ഇടംപിടിച്ചു. അതേ രേഖകളുടെ അടിസ്ഥാനത്തിലാണ് 2011ല്‍ യു.ഡി.എഫ് സര്‍ക്കാരും പരേഡ് നിരോധിച്ചത്. ഇപ്പോള്‍ ഇതേ തെറ്റ് വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ തുടരുകയാണ്. എന്നാല്‍, സ്വാതന്ത്യ്രപ്പോരാട്ടങ്ങളുടെ പൈതൃകം സ്വായത്തമാക്കിയ ഒരു ജനവിഭാഗത്തെ ദേശീയസ്വാതന്ത്യ്രത്തിന്റെ മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്താനുള്ള തല്‍പ്പരകക്ഷികളുടെ ശ്രമങ്ങള്‍ വിലപ്പോവില്ല. 
                                     കരമന അഷ്റഫ് മൌലവി

1 അഭിപ്രായം:

Unknown പറഞ്ഞു...

ധീരത ശൌര്യം കരുത്ത് തുടങ്ങി കളത്തിലിറങ്ങി തെളിയിക്കേണ്ട ഗുണങ്ങള്‍ ഉണ്ട് എന്ന്‍ തെളിയിച്ച വര്‍ക്ക് പിന്നാരേപ്പെടിക്കാന്‍

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"