2012, ജൂലൈ 24, ചൊവ്വാഴ്ച

പറുദീസയുടെ അനന്തരാവകാശികള്‍


മനുഷ്യജീവിതം ആരംഭിച്ചതു സ്വര്‍ഗത്തിലാണ്. അക്കഥ ഹ്രസ്വമായി ഖുര്‍ആന്‍ നമുക്കു പറഞ്ഞുതരുന്നുണ്ട്: "ആദമേ, നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തുനിന്നു സുഭിക്ഷമായി ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍, ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളിരുവരും അതിക്രമകാരികളായിത്തീരും' എന്നു നാം ആജ്ഞാപിച്ചു'' (വി.ഖു: 2:35).
ആദമിനും ഇണയ്ക്കും സ്വര്‍ഗത്തില്‍ വിശക്കാതെയും നഗ്നരാവാതെയും ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം എന്ന് (20:118-119) ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. എല്ലാ സുഖങ്ങളുടെയും സങ്കേതം എന്നാണ് പറുദീസ കൊണ്ടര്‍ഥമാക്കുന്നത്. അറബിഭാഷയില്‍ ഇതിനു ഫിര്‍ദൌസ് എന്നു ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ധാരാളം തോട്ടങ്ങളും പൂത്തടങ്ങളും ചെടികളും മറ്റുമുള്ള ഒരു പ്രവിശാല സ്ഥലം. അവര്‍ക്കു വാസസ്ഥലമായി ഫിര്‍ദൌസിലെ ഉദ്യാനങ്ങള്‍ ഉണ്ടായിരിക്കും (18:107). ലോകത്തിലെ പല ഭാഷകളിലും സമാനമായ പദമാണ് ഇതിനുപയോഗിക്കുന്നത്. പ്രവിശാലവും സുരക്ഷിതവും മനോമോഹനവും ശാന്തവുമായ ഒരഭയസങ്കേതത്തെ സൂചിപ്പിക്കാനാണ് എല്ലാ ഭാഷകളിലും ഈ പദം ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. പറുദീസയെ ഒറ്റവാക്യത്തില്‍ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് അവിടെ മനുഷ്യമനസ്സുകള്‍ ആശിക്കുന്നതും ആവശ്യപ്പെടുന്നതുമെല്ലാം ഉണ്ടായിരിക്കും എന്നാണ് (41:31).
നന്മ, സന്തോഷം, സംതൃപ്തി, ശാന്തി തുടങ്ങിയവയാണ് എല്ലാ കാര്യങ്ങളിലും മനുഷ്യമനസ്സ് ആശിക്കുന്നത്. അനുഭൂതി പൂരകമായി അതവന് അനുഭവിക്കാനാവും. നഷ്ടം, ദുഃഖം, ക്ളേശം, ഭാരം, വേദന തുടങ്ങിയവ മനുഷ്യന് അനുഭവിക്കാന്‍ പ്രയാസമായതും മനസ്സിന്റെ സ്വാസ്ഥ്യം കെടുത്തുന്നതുമാണ്. ജീവിതത്തിന്റെ പ്രാരംഭത്തില്‍ മനുഷ്യരുടെ ആദിമാതാപിതാക്കള്‍ക്കു സംതൃപ്തിയും ശാന്തിയും വിളയാടുന്ന സ്വര്‍ഗമാണ് അല്ലാഹു വാസസ്ഥലമായി നല്‍കിയത്. ആ സ്വര്‍ഗം ഭൂമിയില്‍ തന്നെയാണോ? അതോ, പരലോകത്തെ സ്വര്‍ഗമാണോ എന്നൊക്കെ പണ്ഡിതന്മാര്‍ ചര്‍ച്ചചെയ്യുകയും വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകന്‍ (സ)യുടെ ആകാശാരോഹണത്തിന്റെ നാളില്‍ ഭൌതികപ്രപഞ്ചത്തിന്റെ അങ്ങേയറ്റത്തെ ഇലന്തമരത്തിനടുത്ത് (സിദ്റത്തുല്‍ മുന്‍തഹ) വച്ച് ജിബ്രീല്‍ മാലാഖയെ ദര്‍ശിച്ച കാര്യം പരാമര്‍ശിക്കുന്നതിനിടയില്‍ അതിനടുത്താണ് താമസിക്കാനുള്ള സ്വര്‍ഗം (53:15)  എന്ന് അല്ലാഹു പറയുന്നുണ്ട്. ആ സ്വര്‍ഗത്തില്‍ത്തന്നെയാണ് ആദമും ഹവ്വയും പാര്‍ത്തതെന്നാണ് ഭൂരിപക്ഷാഭിപ്രായം. 
മനുഷ്യസൃഷ്ടിപ്പിനു മുമ്പുതന്നെ ഭൂമിയില്‍ ഖലീഫയെ നിശ്ചയിക്കാന്‍ പോകുന്നുവെന്നാണ് അല്ലാഹു മലക്കുകളോടു പറഞ്ഞത് (2.30). പിന്നെയെങ്ങനെ ആദമിനെയും ഇണയെയും സ്വര്‍ഗത്തില്‍ വസിപ്പിച്ചു എന്ന ഒരു സംശയം സ്വാഭാവികമാണ്. ആദമിന്റെ സൃഷ്ടിപ്പിനു ശേഷം അല്ലാഹു ആദമിനു നല്‍കിയ, മലക്കുകള്‍ക്കു പോലും നല്‍കാത്ത പ്രത്യേക കഴിവുകള്‍ മലക്കുകളുടെ മുമ്പില്‍ പ്രകടിപ്പിച്ച് ആദമിന്റെ ഔന്നത്യം ബോധ്യമാകാന്‍ അവസരം നല്‍കുകയുണ്ടായി. അതോടൊപ്പം  അല്ലാഹു ആദരിച്ച മനുഷ്യസൃഷ്ടിക്ക് പ്രണാമം അര്‍പ്പിക്കാന്‍ (അത് ആരാധനയുടേതായിരുന്നില്ല; ബഹുമാനാദരവുകളുടേതുമാത്രം) മാലാഖമാരോടു കല്‍പ്പിക്കുകയും ചെയ്തു. ഇബ്ലീസൊഴികെ എല്ലാവരും ആ കല്‍പ്പന അനുസരിച്ചു. ഇബ്ലീസ് അഹങ്കാരത്തോടെ വിട്ടുനിന്നതിനാല്‍ അല്ലാഹു അവനെ ശപിക്കുകയും മനുഷ്യവര്‍ഗത്തിന്റെ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു.
മനസ്സിന്റെ പ്രകൃതത്തിലെ ദൌര്‍ബല്യവും അതിനു വഴിപ്പെട്ടാലുണ്ടാവുന്ന കഷ്ടനഷ്ടങ്ങളും ദുഃഖവും മനുഷ്യര്‍ക്ക് അനുഭവത്തിലൂടെ പഠിക്കാന്‍ അവസരം നല്‍കണമെന്ന ദൈവേച്ഛയാണു ജീവിതാരംഭത്തില്‍ ആദമിനെയും ഇണയെയും സര്‍വസുഖങ്ങളുടെയും സങ്കേതമായ സ്വര്‍ഗത്തില്‍ പാര്‍പ്പിക്കാന്‍ ദൈവിക തീര്‍പ്പുണ്ടാക്കിയത്. അവിടെ എവിടെയും യഥേഷ്ടം സഞ്ചരിക്കാനും ഭക്ഷിക്കാനും അവര്‍ക്ക് അനുവാദം നല്‍കിയ അല്ലാഹു ഒരു കാര്യം മാത്രം അരുതെന്ന് അവരോടു കല്‍പ്പിച്ചു. അപ്പോള്‍ മനുഷ്യന്റെ ബദ്ധശത്രുവായ ഇബ്ലീസ് ഉത്തമഗുണകാംക്ഷിയെപ്പോലെ സ്വര്‍ഗീയജീവിതത്തിലെ നിത്യതയ്ക്ക് 'വിലക്കപ്പെട്ട കനി' തിന്നാന്‍ പ്രേരിപ്പിച്ചു. അല്‍പ്പനേരം അവരിരുവരും അല്ലാഹുവിന്റെ കല്‍പ്പന മറന്നു ചെകുത്താന്റെ പ്രേരണയ്ക്കു വശംവദരായി, ആ കനി ഭക്ഷിച്ചു. ചെയ്ത തെറ്റു ബോധ്യമായ ആദം ദുഃഖിച്ചു. അല്ലാഹു പാപമോചനത്തിനായുള്ള വാക്യങ്ങള്‍ ആദമിനെ പഠിപ്പിച്ചു. അതനുസരിച്ചു പശ്ചാത്തപിച്ച ആദമിന് അല്ലാഹു മാപ്പു നല്‍കി. അല്ലാഹു നിശ്ചയിച്ചപോലെ ആ പരീക്ഷണം പൂര്‍ത്തിയായപ്പോള്‍ ആദമിന്റെയും ഇണയുടെയും സ്വര്‍ഗീയജീവിതം അവസാനിപ്പിച്ചു. അവരെ ഭൂമിയിലേക്കു പോയ്ക്കൊള്ളാന്‍ കല്‍പ്പിച്ചു. ഇബ്ലീസില്‍നിന്നകന്ന്, അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം ഭൂമിയില്‍ ജീവിച്ചാല്‍ നഷ്ടപ്പെട്ടുപോയ സ്വര്‍ഗത്തില്‍ത്തന്നെ തിരിച്ചെത്താമെന്നും അവരെ അറിയിച്ചു. 
നേരത്തേ ആദം സ്വന്തം ഔന്നത്യം തിരിച്ചറിയാന്‍ കഴിയും വിധം മലക്കുകളോടു വിജ്ഞാനം പ്രകടിപ്പിച്ച് അവരുടെ അനുഭാവം പിടിച്ചുപറ്റിയ രംഗം ഒരു വശത്ത്. സുഖസുഷുപ്തിയില്‍ വിജ്ഞാനത്തിന്റെ ഔന്നത്യവും ദൈവികനിര്‍ദേശത്തിന്റെ പ്രാധാന്യവും വിസ്മരിച്ച് ചെകുത്താന്റെ ദുര്‍മന്ത്രത്തിനു മുന്നില്‍ തോറ്റുപോയ ആദം മറ്റൊരു വശത്ത്. ഭൂമിയിലെ മനുഷ്യന്റെ നിത്യജീവിതത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വരുന്ന ഈ രണ്ടു രംഗങ്ങളുടെയും പ്രഥമസംഘാടനം ആദിമനുഷ്യരില്‍ സംവിധാനിച്ച് മനുഷ്യവര്‍ഗത്തെയാകെ മാര്‍ഗദര്‍ശനം ചെയ്യുകയാണ് അല്ലാഹു.
അല്ലാഹു പറഞ്ഞുതരുന്ന ഈ വിവരങ്ങളില്‍ സംശയലേശമെന്യേ വിശ്വസിക്കുന്നവര്‍ സത്യവിശ്വാസികളാണ്. അവരുടെ മഹത്തായ സ്വഭാവസവിശേഷതകളെക്കുറിച്ച് ഖുര്‍ആനിലുടനീളം പരാമര്‍ശങ്ങളുണ്ട്. ''സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ പ്രാര്‍ഥനകളില്‍ വിനയാന്വിതരായിരിക്കും. വ്യഥകളില്‍നിന്നു വിട്ടുനില്‍ക്കും. സകാത്ത് നിര്‍വഹിക്കും. ചാരിത്യ്രം സൂക്ഷിക്കുന്നവരായിരിക്കും. സ്വന്തം ഭാര്യമാരെയും അടിമസ്ത്രീകളെയും അല്ലാത്തവരെ ആശിക്കാതെ, അതിരുവിടാത്തവരും അന്യസ്ത്രീകളെ സമീപിക്കാതെ സൂക്ഷിക്കുന്നതിനാല്‍ ആക്ഷേപിക്കപ്പെടാത്തവരുമായിരിക്കും. അമാനത്തുകളും കരാറുകളും പാലിക്കുന്നവരും നമസ്കാരത്തില്‍ നിഷ്ഠപുലര്‍ത്തുന്നവരുമായിരിക്കും. അവരാണ് ഉന്നതമായ പറുദീസയുടെ അനന്തരാവകാശികള്‍. അതിലെ നിത്യനിവാസികള്‍'' (23:111).
മറ്റൊരിടത്ത് ഖുര്‍ആന്‍ അവരെ വിശേഷിപ്പിക്കുന്നത് കരുണാമയന്റെ ദാസന്മാര്‍ എന്നാണ്. ഭൂമിയിലൂടെ വിനീതരായി നടക്കുന്നവര്‍. തങ്ങളെ നേരിടാന്‍ വരുന്ന അവിവേകികളോടു നല്ല വാക്കു പറയുന്നവര്‍. അവരുടെ രാവുകള്‍ സ്വന്തം രക്ഷിതാവിനു മുമ്പില്‍ പ്രാര്‍ഥനയോടെ നിന്നും പ്രണയിച്ചും കഴിച്ചുകൂട്ടുന്നവര്‍. ''നരകശിക്ഷയില്‍നിന്നു തിരിച്ചുവിടേണമേ നാഥാ, ആ ശിക്ഷ കഠോരമാണ്,  നരകം വളരെ ദുഷിച്ച താവളവും നശിച്ച പാര്‍പ്പിടവുമാണ്'' എന്നു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവര്‍. ധനം ചെലവഴിക്കുമ്പോള്‍ അവര്‍ ധൂര്‍ത്തടിക്കുകയോ പിശുക്കുകാണിക്കുകയോ  ചെയ്യില്ല. രണ്ടിനിമിടയിലുള്ള മിതവ്യയം പാലിക്കുന്നവര്‍. അല്ലാഹുവിനു പുറമെ പരദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കാത്തവരും അല്ലാഹു ആദരിച്ച ഒരാളെയും അന്യായമായി വധിക്കാത്തവരുമായിരിക്കും. അവര്‍ വ്യഭിചാരത്തിലേര്‍പ്പെടുകയില്ല. കള്ളസാക്ഷ്യം നില്‍ക്കുകയില്ല. അനാവശ്യങ്ങള്‍ക്കരികിലൂടെ പോകേണ്ടിവന്നാല്‍ മാന്യമായി അവര്‍ കടന്നുപോകും. രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓര്‍മിപ്പിക്കുമ്പോള്‍ അന്ധരും ബധിരവുമായി അവര്‍ അതിനെതിരേ ചാടിവീഴുകയില്ല. നാഥാ, ഞങ്ങളുടെ ഇണകളില്‍ നിന്നും മക്കളില്‍നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കേണമേ, ഞങ്ങളെ നീ ഭക്തന്മാരുടെ നേതാക്കളാക്കേണമേ എന്നു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണവര്‍. അഭിവാദനങ്ങളും ആശംസകളുമായി സ്വീകരിക്കപ്പെടുന്ന പറുദീസയിലെ മണിമേടകളാണ് അവര്‍ക്കായി അല്ലാഹു തയ്യാറാക്കിവച്ചിട്ടുള്ളത് (25:6375). 
അനേകം വേറെ ഗുണങ്ങളും പറുദീസയുടെ അനന്തരാവകാശികളുടേതായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്റെ ചിന്തകളും ശ്രദ്ധയും പ്രാര്‍ഥനയും ലക്ഷ്യവും സ്വര്‍ഗത്തിലേക്കു മാത്രം തിരിയുമ്പോള്‍ അവനു സത്യവിശ്വാസവീഥിയില്‍ ഉറച്ചുനില്‍ക്കാനും ആ മാര്‍ഗത്തില്‍ ഇവിടത്തെ ജീവന്‍ വെടിയാനും വരെ അതു കരുത്തേകും. ചരിത്രം നല്‍കുന്ന പാഠമതാണ്. ഉഹ്ദ് രണാങ്കണം, രണ്ടാം പാദത്തില്‍ മുസ്ലിം പടയ്ക്ക് തിരിച്ചടിയേറ്റപ്പോള്‍ അവര്‍ പിന്തിരിഞ്ഞോടി പ്രവാചകനും ചില സഹാബികളും ഒറ്റപ്പെട്ടു. ശത്രുക്കള്‍ അവരുടെ നേരെ പാഞ്ഞുവന്നു. 
ഇതു ദൂരെനിന്നു കണ്ട അനസ് ബിന്‍ നള്ര്‍ പ്രവാചകനെ സംരക്ഷിക്കാനായി രണാങ്കണത്തിലേക്കു പായുമ്പോള്‍ പിന്തിരിഞ്ഞു പോകുന്ന സഅ്ദിനെ കണ്ടു. അന്നേരം അനസ് പറഞ്ഞു: ''എങ്ങോട്ടാണ് സഅദേ, താങ്കള്‍ പോകുന്നത്? അല്ലാഹുവാണെ ഉഹ്ദിന്റെ താഴ്വരയില്‍നിന്ന് സ്വര്‍ഗത്തിന്റെ മണം എന്റെ നാസാരന്ധ്രങ്ങളില്‍ അടിച്ചുകയറുന്നു.'' എഴുപതില്‍ പരം വെട്ടുകളേറ്റാണ് അദ്ദേഹം ശഹീദായത്. തിന്നാന്‍ എടുത്ത കാരക്ക തിന്നു തീരുന്ന സമയം കൂടി കാത്തുനില്‍ക്കാന്‍ മെനക്കെടാതെ യുദ്ധഭൂമിയിലേക്ക് പാഞ്ഞുപോയി ശഹീദായ മറ്റൊരു സഹാബിയും സ്വര്‍ഗത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഒരിക്കല്‍ യുദ്ധത്തിനുപോവുന്ന കാര്യത്തില്‍ ഒരു പിതാവും മകനും തര്‍ക്കത്തിലായി. നറുക്കിടാന്‍ പ്രവാചകന്‍ പറഞ്ഞു. മകനു ചെറുപ്പമല്ലേ, അവസരം ഇനിയും കിട്ടുമല്ലോ. അപ്പോഴത്തേത് പിതാവിന് കൊടുക്കാന്‍. ''ഇതു സ്വര്‍ഗത്തിന്റെ കാര്യമാണ്. പിതാവേ, മറ്റെന്തെങ്കിലുമായിരുന്നെങ്കില്‍ ഞാന്‍ തരുമായിരുന്നു.'' അതു പറഞ്ഞ് യുദ്ധത്തിനു പോയ യുവാവായ മകന്‍ ശഹീദായി. പറുദീസയുടെ അനന്തരാവകാശികളെക്കുറിച്ചുള്ള അത്തരം അനേകം യഥാര്‍ഥ ജീവിതകഥകള്‍ ചരിത്രം നമുക്ക് ഓതിത്തരുന്നുണ്ട്. ഗുണപാഠത്തിനും വീണ്ടുവിചാരത്തിനുമായി. ഗൌനിക്കാന്‍ നാം തയ്യാറുണ്ടോ  എന്നതാണു പ്രധാന ചോദ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"